Krishna S

ഒഴിഞ്ഞമുറി

Apr
15

മുറിയുടെ ഇരുട്ടിനുള്ളിൽ പ്രകാശം കേന്ദ്രീകരിച്ചത് അയാളുടെ മുഖത്തായിരുന്നു. ഓടുമേഞ്ഞ മേൽക്കൂരക്കിടയിൽ മങ്ങിയ ഗ്ലാസ്സിലൂടെ നിലാവെളിച്ചം അയാളുടെ മുഖത്തേക്കു നോക്കി.പഴകി ദ്രവിച്ച ആ കിടക്കയിൽ മലർന്നു കിടന്നുകൊണ്ട് അയാൾ ചിന്തകൾ ചികഞ്ഞു. അവയുടെ ഭ്രാന്തമായ ലഹരിയിൽ അയാൾ ആകാശം ചുറ്റിക്കറങ്ങി. പകുതി നുണഞ്ഞ വീഞ്ഞ് കുപ്പിയുമായി ചന്ദ്രന് ചുറ്റും കറങ്ങി, അപ്സര സുന്ദരികളെ കണ്ട്…അങ്ങനെ അയാൾ കിടന്നു. ജോലിത്തിരക്കുകൾ എല്ലാം ഒഴിഞ്ഞു താൻ സ്വാതന്ത്രനാവുകയാണ് ഈ സമയം. സീമകളില്ലാത്ത ലോകം ചുറ്റി തഴച്ചു വളർന്ന പച്ചപ്പുല്ലും അരുവിയിലെ മാധുര്യമാർന്ന നുകർന്ന് മേയുന്ന ഒരു ആട്, അതാണ് താനിപ്പോൾ. എന്നാൽ എല്ലാം ക്ഷണികം എന്നല്ലാതെ എന്ത് പറയാൻ. ഒരു നിമിഷത്തെ ഉറക്കം കഴിഞ്ഞെഴുന്നേൽക്കുമ്പോൾ ആവർത്തന വിരസതയാർന്ന പഴയ മുഖം വീണ്ടുമെത്തും. പിന്നെ കാത്തിരിപ്പിൻറെ പൊടിയേറ്റ കുറെ കേസുകെട്ടുകൾ. നീതി തേടി അലയുന്ന ആത്മാക്കളുടെ കാത്തിരിപ്പും പ്രതീക്ഷയും. ഇവയ്ക്ക് മുന്നിൽ താനൊരു കറുത്ത കുപ്പായവുമണിഞ്ഞു ദൈവത്തിൻറെ വിധി പറയുന്നു.
അപരാധികൾക്കും നിരപരാധികൾക്കും ഇടയിൽ കറുപ്പും വെളുപ്പും ധരിച്ച ന്യായാധിപൻ; ഭൂമിയിൽ വിധി നിർണയിക്കുന്നയാൾ . രക്ഷ തേടി ഇരു കൂട്ടരും തന്റെ മുന്നിൽ നിൽക്കുന്നു . മനുഷ്യനെ മനുഷ്യൻ തന്നെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.കോടതി മുറിയിലെ ഹൃദയമിടിപ്പുകൾക്കു മുന്നിൽ തനിക്ക് മറ്റൊരു മുഖം. ഉള്ളിൽ ഒരേ സമയം കർക്കശവും, അനുകമ്പയും, വിവേകവും ഇളകി മറിയും; അപ്പോൾ തനിക്ക് മറ്റൊരു മുഖം. ഒരു ദിവസം താൻ ഇത്രയധികം വസ്ത്രങ്ങൾ മാറുന്നില്ല, പക്ഷെ എത്ര മുഖങ്ങൾ!!! മനഃപൂർവവും അല്ലാതെയും അവയെ അവഗണിച്ച് മുന്നോട്ട് പോകാനല്ലാതെ തനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ല. തൻ്റെ അറിവിൽ മുഖം മാറാത്ത ഒന്നേയുള്ളു ,കോടതി മുറിയിലെ കണ്ണുകെട്ടിയ ആ സ്ത്രീ. അവർക്ക് മുന്നിൽ എന്നും ഒരേ ഭാവം; സത്യം.
അന്നൊരിക്കൽ ഒരാൾ കോടതിയെ സമീപിച്ചു. ജീവിതം അയാൾക്ക്‌ മടുത്തിരിക്കുന്നു. വരിഞ്ഞു മുറുകിയ കയറാൽ തൻ്റെ വിധി എഴുതണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഒരു പരാതിക്കാരൻ. ജീവിതത്തിൻറെ വിഭിന്നമായൊരു മുഖം താനണിഞ്ഞിരിക്കുന്നു. എന്ത് ചെയ്യണം? എന്ത് പറയണം? എന്നുള്ളത് ശൂന്യത മാത്രമായി. ഇതുതന്നെയാണ് അയാളുടെ പ്രശ്നവും. മാറാല പിടിച്ച തന്ത്രങ്ങൾ പാടെ ഉപേക്ഷിച്ച പുതിയൊരു മുഖം അയാൾ സ്വീകരിച്ചു; പരാതിക്കാരനും ന്യായാധിപനും മാത്രം…
”താങ്കൾ എന്ത് തീരുമാനം എടുത്താലും അതിൻറെ മുഖം ന്യായം മാത്രമായിരിക്കും.”
മുഖങ്ങൾ മാറിമാറി അലയടിക്കുന്ന തന്നിലേക്ക് ആ വാക്കുകൾ ആഴ്ന്നിറങ്ങി. പ്രകാശത്തിൻറെ തീവ്രമായ ചൂടിൽ താൻ ഉരുകി ഒലിച്ചു. അന്ന് ആദ്യമായി പരാതിക്കാരൻ ദൈവത്തിൻറെ ദൂതന് വെള്ളം കൊടുത്തു. അയാളുടെ തളർന്ന കണ്ണുകളിൽ മറാത്താ ഒരു മുഖം താൻ കണ്ടു.അയാൾ തനിക്ക് വിധി പറയുകയാണോ? അതെ എന്ന് മനസ് പറയുന്നു. അറുപത്തഞ്ചു കഴിഞ്ഞ ഈ കിഴവനു മുന്നിൽ മുപ്പത് തികയാത്ത ഒരു മനുഷ്യൻ ജീവിതം പഠിപ്പിക്കുന്നു. അവൻ്റെ കണ്ണുകളിൽ നിറയുന്ന ശൂന്യത തന്നെ പ്രഹരിക്കുകയാണ്. അവനോട് പറയാൻ ഒന്നും തന്നെയില്ല, ശൂന്യതയല്ലാതെ…
”ഞാൻ നിനക്ക് എന്ത് വിധി എഴുതും? ”
”ഇതിൽ ഇത്ര ആലോചിക്കാൻ ഒന്നുമില്ല. ഭൂമിയിലെ ന്യായാധിപൻ എന്ത് വിധി എഴുതിയാലും അത് ഉചിതമായിരിക്കും.”
”എങ്കിൽ നീ മരിക്കരുത്. ഒരു മുഖവുമായി നീ ഈ ഭൂമിയിൽ വേണം.”
അത് പറയാൻ താൻ വീണ്ടുമൊരു മുഖം സ്വീകരിച്ചിരിക്കുന്നു; ധൈര്യത്തിൻ്റെ.
”മുഖങ്ങൾ!!! അല്ലെ …” കാലത്തിൻറെ നിഴൽപ്പാടുകളിൽ ജീവിതം നമുക്ക് സമ്മാനിക്കുന്നതാണവ. നിമിഷങ്ങൾക്കുള്ളിൽ ഓരോ മുഖങ്ങൾ വിടരുകയും കൊഴിയുകയും ചെയ്യുന്നു. കാലത്തിൻറെ ചതുപ്പിൽ ഓർമ പോലും അവശേഷിക്കാതെ അവ ആണ്ടുപോകുന്നു. ജീവിതം സമ്മാനിക്കുന്ന വിഴുപ്പുകളാവുകയാണ് ഓരോ മുഖവും. അതിനിടയിൽ ഭാവന കൊണ്ട് ചിത്തഭ്രമം ബാധിച്ച മനസ് ‘വ്യക്തിത്വം’ എന്ന സമസ്യ തേടി അലയുന്നു. അത്യുന്നതങ്ങളിൽ എവിടെയോ നിന്ന് അത് മനുഷ്യനെ നോക്കി പുഞ്ചിരിക്കുന്നു. എവിടെയാണ് വ്യക്തിത്വം?
ആ മനുഷ്യന് മുന്നിൽ ഭൂമിയിലെ ന്യായാധിപൻ ഒന്നുമല്ലാതെയായി.
”താങ്കളന്വേഷിക്കുന്ന ആ മുഖം നാം നോക്കാത്ത മനസിൽ ഒളിഞ്ഞിരിപ്പുണ്ട്. ‘ശൂന്യത’ അതാണ് സത്യം. ശരിക്കുമുള്ള മുഖം ഒരൊഴിഞ്ഞ മുറിയാണ്, നിശ്ചലമായ ഒരൊഴിഞ്ഞ മുറി …”
ഭൂമിയിലെ ന്യായാധിപൻ അന്ന് ആദ്യമായി ആശ്വാസം തിരിച്ചറിഞ്ഞു .
വിടർന്ന മുഖത്തോടെ അയാൾ പറഞ്ഞു ; ”അതെ എൻ്റെ ഒഴിഞ്ഞ മുറിയാണ് നീ…”

Leave a Reply

Your email address will not be published. Required fields are marked *